സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രധനമന്ത്രി
സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് പിന്‍വലിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെന്നും പൊതുജന താല്‍പര്യം സംരക്ഷിക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ആര്‍ബിഐയുടെ നടപടി. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ. നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല. പ്രാഥമിക സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കാന്‍ പാടില്ലെന്നും വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നും ആര്‍ബിഐ നിബന്ധനകളില്‍ പറയുന്നു.
2020 സെപ്റ്റംബര്‍ 29നാണ് നിയമം പ്രാബല്യത്തിലായത്. എന്നാല്‍ കേരളം ഇത് നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കുകയായിരുന്നു. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകള്‍ മറികടക്കുന്നതിനായാണ് റിസര്‍വ് ബാങ്ക് വ്യവസ്ഥകളിലൂടെ ശ്രമിക്കുന്നതെന്ന് കേരളം പറഞ്ഞിരുന്നു.