കരണത്തടി പരാമര്‍ശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്റ്റില്‍, 20 വര്‍ഷത്തിനിടെ ആദ്യ സംഭവം

 | 
Rane
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കരണത്തടിക്കണമെന്ന പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അറസ്റ്റില്‍.

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കരണത്തടിക്കണമെന്ന പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അറസ്റ്റില്‍. കേന്ദ്രമന്ത്രി നാരായണ്‍ റാണെയാണ് നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്ത റാണെയുടെ അറസ്റ്റ് രേഖപ്പെടുത്തി. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി അറസ്റ്റിലാകുന്നത്. നേരത്തേ പോലീസ് റാണയ്‌ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാണെ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പ്രവര്‍ത്തകരും ബിജെപി അണികളും തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. ഓഗസ്റ്റ് 15ന് നടത്തിയ പ്രസംഗത്തില്‍ സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം മുഖ്യമന്ത്രി മറന്നു പോയെന്നും സഹായികളോട് ചോദിച്ചാണ് ഇത് മനസിലാക്കിയതെന്നും റായ്ഗഢില്‍ നടന്ന ജന ആശീര്‍വാദ് യാത്രയില്‍ വെച്ച് റാണെ പറഞ്ഞിരുന്നു. താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണത്ത് അടിക്കുമായിരുന്നുവെന്നും റാണെ പറഞ്ഞു. ഈ പരാമര്‍ശമാണ് പിന്നീട് വിവാദമായത്.

വിവാദ പരാമര്‍ശത്തെ ചൊല്ലി ശിവസേന, ബി.ജെ.പി പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച തെരുവില്‍ ഏറ്റുമുട്ടി. ശിവസേനാ നേതാക്കള്‍ മുംബയിലെ റാണെയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി നേതാക്കള്‍ തടയാന്‍ ശ്രമിച്ചതോടെയായിരുന്നു ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് പോലീസ് പ്രത്യേക സേനയെ വിന്യസിച്ച് സാഹചര്യം തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുപാര്‍ട്ടിക്കാരും പരസ്പരം കല്ലെറിഞ്ഞു. 

ശിവസേനാ നേതാക്കള്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. നാഗ്പൂരിലെ ബി.ജെ.പി ഓഫീസിനു നേരെയും ഇന്നുരാവിലെ ശിവസേന നേതാക്കള്‍ കല്ലെറിഞ്ഞു. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷിക്കാനും  സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കള്‍ ആരോപിച്ചു. സംസ്ഥാനത്ത് ബിജെപിയും ശിവസേനയും തമ്മിലുള്ള സംഘര്‍ഷം ഈ സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. 

ശിവസേനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നും തുടര്‍ന്ന് കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും നാസിക് പോലീസ് മേധാവി ദീപക് പാണ്ഡെ നേരത്തെ അറിയിച്ചിരുന്നു. റാണെ, രാജ്യസഭാംഗമായതിനാല്‍ അറസ്റ്റിനുശേഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.