ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്ഥാന്‍ ആണെന്ന് യുപി സുപ്രീം കോടതിയില്‍

 | 
Delhi

ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്ഥാനില്‍ നിന്ന് വരുന്ന മലിന വായുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് യോഗി സര്‍ക്കാര്‍ ഈ വിചിത്ര വാദം ഉന്നയിച്ചത്. ഡല്‍ഹിയിലെ മലിനീകരണത്തിന് പിന്നില്‍ യുപിയിലെ വ്യാവസായിക സ്ഥാപനങ്ങളല്ലെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞു.

വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് യുപി ഈ ആരോപണം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യുപിയുടെ വിചിത്ര വാദത്തിനെതിരെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി. മലിനവായു പാകിസ്ഥാനില്‍ നിന്ന് വരുന്നതിനാല്‍ അവിടെയുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.