കാബൂൾ വിമാനത്താവളത്തിന് ഐഎസ് ആക്രമണഭീഷണിയെന്ന് അമേരിക്ക

കാബൂൾ വിമാനത്താവളത്തിനു നേരെ ഐഎസ് തീവ്രവാദി ആക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്ക. ഇതിനെത്തുടർന്ന് സുരക്ഷ മുന്നറിപ്പും പൗരൻമാർക്ക് നൽകിയിട്ടുണ്ട്. കാബൂൾ വിമാനത്താവളം പരമാവധി ഒഴിവാക്കണമെന്നും ഐഎസിന്റെ അഫ്ഗാൻ വിഭാഗം ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും അമേരിക്കൻ മുന്നറിയിപ്പിലുണ്ട്.
അമേരിക്കൻ സർക്കാറിന്റെ യാത്രനിർദേശം ലഭിച്ചവർക്ക് മാത്രമെ വിമാനത്താവളത്തിലേക്ക് പോകാൻ അനുവാദമുള്ളൂ. അവിടുത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്ക് മറ്റ് വഴികൾ നോക്കുന്നുണ്ടെന്നും അമേരിക്കൻ അധികൃതർ പറഞ്ഞു. ഐഎസ് ഭീഷണിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഘടനയാകട്ടെ പരസ്യമായി ഭീഷണി മുഴക്കിയിട്ടുമില്ല.
അഫ്ഗാനിസ്ഥാൻ വിമാനത്താവളത്തിന് വെളിയിൽ ഇപ്പോഴും ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാനുള്ള അവസരത്തിനായി കാത്തുനിൽക്കുന്നത്. അതിനാൽ തന്നെ വലിയ തിരക്കും ഇവിടെയുണ്ട്. ഈ ഭാഗത്ത് ആക്രമണമുണ്ടാകും എന്നാണ് അമേരിക്കൻ സുരക്ഷ ഏജൻസികൾ ഭയക്കുന്നത്.