കുവൈത്തിൽ യുഎസ് യുദ്ധവിമാനം തകർന്നു വീണു

അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണത്
 | 
Iran war

കുവൈത്ത് വ്യോമാതിർത്തിയിൽ വച്ച് ഒരു അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നാണ് സൂചന. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാൽ, അപൂർവ സാഹചര്യങ്ങളിൽ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കിൽ ആശയവിനിമയ തകരാറുകൾ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്. 

വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനം തകരുന്നതിനു മുൻപ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും പൈലറ്റിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.