ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത് അമേരിക്ക; മരിച്ചത് വാക്‌സിന്‍ എടുക്കാത്തയാള്‍
അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം. ടെക്‌സാസില്‍ തിങ്കളാഴ്ചയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചയാള്‍ കോവിഡ് വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ഹാരിസ് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 50നും 60നും ഇടയില്‍ പ്രായമുള്ളയാളാണ് രോഗം ബാധിച്ച് മരിച്ചത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒമിക്രോണ്‍ മരണമാണെന്ന് കണ്‍ട്രി ജഡ്ജ് ലീന ഹിഡാല്‍ഗോ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഡിസംബര്‍ 18 വരെയുള്ള കണക്കുകള്‍ അനുസരിച്ച് അമേരിക്കയിലെ കോവിഡ് കേസുകളുടെ 73 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമാണെന്ന് സിഡിസി വ്യക്തമാക്കി. ജനിതക പരിശോധനാ വിവരങ്ങള്‍ ഉദ്ധരിച്ചാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. മരിച്ചത റിസ്‌ക് കാറ്റഗറിയിലുള്ളയാളായതിനാല്‍ വാക്‌സിന്‍ എടുക്കാതിരിക്കുന്നത് ഗുരുതരമായ സാഹചര്യങ്ങള്‍ക്ക് കാരണമാകുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ ആദ്യം യുകെയിലാണ് ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ ഇതുവരെ 12 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചിട്ടുണ്ട്. നിലവില്‍ 104 പേര്‍ പുതിയ വകഭേദം ബാധിച്ച് ചികിത്സിലാണ്.