മൂല്യവർദ്ധിത ഉൽപന്നങ്ങളാണ് ഇനിയുള്ള കാലത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി

 | 
Cm

മൂല്യവര്‍ദ്ധിത ഉൽപന്നങ്ങളാണ് ഇനിയുള്ള കാലത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി. തൊടുപുഴ, തുടങ്ങനാട് സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ സ്പൈസസ് പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്ക്കരിക്കാനും മൂല്യവര്‍ധിതമാക്കാനും സ്പൈസസ് പാര്‍ക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ മെച്ചം ലഭിക്കും. കേരളത്തിന്‍റെ കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള ഇടപെടല്‍ കൂടിയാണ് സ്പൈസസ് പാര്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 75 ശതമാനവും നമ്മുടെ സംസ്ഥാനത്തു നിന്നാണ്. വലിപ്പത്തിൽ ചെറുതാണെങ്കിലും സംസ്ഥാനത്തിന് അത്രയും സ്വാധീനമുണ്ടാക്കാൻ കഴിയുന്നുണ്ട്. സമുദ്രോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാന്‍ ചേര്‍ത്തലയിലെ സീഫുഡ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. കുറ്റ്യാടി നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വയനാട്-കോഫി പാര്‍ക്ക് എന്നിവയും സജ്ജമാകുകായണ്. സീറോ കാർബൺ കോഫിയാണ് ഇവിടെ നിന്ന് പുറത്തിറങ്ങുക. 

നമ്മുടെ നാട്ടിലെ ഭക്ഷ്യസംരക്ഷണ മേഖലകള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിപണന ശൃംഖലകളുടെ അഭാവം. പുതിയ വിപണികള്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയും നാട്ടിലുണ്ട്. ഇത് മറികടക്കാന്‍ സഹകരണ മേഖലയെ ഉപയോഗിച്ച് കോ-ഓപ്പറേറ്റീവ് ഇന്‍റര്‍വെന്‍ഷന്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് വഴി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കും. ഇതിനായി ബജറ്റില്‍ 35 കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.