എസ്ഡിപിഐ നേതാവിന്റെ കൊലയില്‍ പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി

 | 
Valsan Thillankeri

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി. കൊലയ്ക്ക് പിന്നില്‍ വത്സന്‍ തില്ലങ്കേരിയാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തില്ലങ്കേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുറച്ച് ദിവസമായി എല്ലാ ജില്ലകളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സംഘടനാ യാത്ര നടത്തുകയാണ്. സംഘടനയുടെ പരിപാടികളുടെ ഭാഗമായി പൊതുയോഗങ്ങളും സംഘടപ്പിക്കുന്നുണ്ട്. ആലപ്പുഴയില്‍ പോയത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഭീകരവാദികളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നും തില്ലങ്കേരി ആരോപിച്ചു. നുഷ്യ ജീവന്റെ വില എല്ലാവരുടേയും ഒരുപോലെയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ അധികാരികള്‍ ഇടപെട്ടു ഇരുകക്ഷികളെയും വിളിച്ചുചേര്‍ത്തു സമാധാന ശ്രമങ്ങള്‍ നടത്താറുണ്ട്. അങ്ങനെ നടക്കുന്ന ഏത് സമാധാനശ്രമങ്ങള്‍ക്കും പങ്കാളിയാവാന്‍ തയ്യാറാണെന്നും തില്ലങ്കേരി വ്യക്തമാക്കി.

ശനിയാഴ്ച ആലപ്പുഴയില്‍ എത്തിയ വത്സന്‍ തില്ലങ്കേരിയാണ് ഷാന്റെ കൊലയ്ക്ക് പിന്നിലെന്ന് എസ്ഡ്പിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ ആണ് ആരോപിച്ചത്.