വമ്പൻ ഓഫറുകളുമായി വിജയ്; ദരിദ്ര കുടുംബങ്ങൾക്ക് 3 ​ഗ്യാസ് സിലിണ്ടറുകൾ സൗജന്യം

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ബസ് യാത്ര
 | 
Actor Vijay TVK

തമിഴ്നാട്ടിൽ വമ്പൻ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് വിജയ് നിയമസഭയിൽ പറഞ്ഞു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്നുപേരിട്ട പദ്ധതി 2027-ലെ പൊങ്കൽ മുതൽ നിലവിൽ വരും. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പദ്ധതിപ്രകാരം മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ആവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പദ്ധതിക്ക് പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം കാരണമുണ്ടായ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുള്ള സാഹചര്യത്തിലും പൊതുജനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും അവർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നതിനുമാണ് സിലിണ്ടറുകൾക്കായി പണം നൽകാൻ തീരുമാനിച്ചതെന്നും വിജയ് നിയമസഭയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു വർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ടിവികെ വാഗ്ദാനം നൽകിയിരുന്നു.

സൗജന്യ സിലിണ്ടർ കൂടാതെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ബസ് യാത്രയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകൾക്കായുള്ള ‘വെട്രി പയണ തിട്ടം’ പദ്ധതിയുടെ വിപുലീകരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. ഇതുപ്രകാരം സ്ത്രീകൾക്ക് എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. അന്തർ ജില്ലാ ബസ് സർവീസുകളിലേക്കും പദ്ധതി വിപുലീകരിക്കും. ഒക്ടോബർ 2ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.