രവി പിള്ളക്കായി ഗുരുവായൂരില്‍ കോവിഡ് മാനദണ്ഡ ലംഘനം;1000 പേരെ പങ്കെടുപ്പിച്ച് മകന്റെ വിവാഹം

ശതകോടീശ്വരനായ മലയാളി വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വേണ്ടി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകള്‍ വരെ അലങ്കരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ കല്യാണം കോവിഡ് കാലത്ത് നടത്തുന്നത്. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.
ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് കോവിഡ് വ്യാപകമായുള്ള സമയത്താണ് എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും ലംഘിച്ച് ഇത്രയേറെ ആളുകളെ വിളിച്ച് കല്യാണം സംഘടിപ്പിക്കുന്നത്. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേക്ക് വാടകക്കെടുത്താണ് ചടങ്ങുകള്‍ നടത്തുന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി പ്രമുഖര്‍ കല്യാണത്തിന് എത്തിയേക്കും.
കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരിപാടി നടത്താന്‍ അനുവാദം നല്‍കരുതെന്ന് കാണിച്ചാണ് ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. തൂണുകളില്‍ പുല്ലുകള്‍ പടര്‍ത്തി അലങ്കരിക്കുകയും ഇത് ഇടക്കിടക്ക് നനക്കുകയും ചെയ്യുന്നുണ്ട്. സാധാരണക്കാരുടെ വിവാഹങ്ങള്‍ക്ക് അമ്പതും നൂറും ആളുകളെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്ന കര്‍ശന നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തുന്ന സമയത്താണ് ഇതുപോലെ അധികൃതരുടെ ഒത്താശയോടെ ആയിരങ്ങളെ പങ്കെടുപ്പിച്ച് വിവാഹമാമാങ്കം നടത്തുന്നത്.
രവി പിള്ളയുടെ മകന്റെ വിവാഹം നടത്താന്‍ വേണ്ടി മാത്രം പ്രത്യേക മണ്ഡപം പണിയാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ചിലര്‍ ദേവസ്വത്തെ സമീപിച്ചിരുന്നതായും വാര്‍ത്തകളുണ്ട്. കല്യാണ മണ്ഡപത്തിന്റെ തൊട്ടടുത്തുള്ള സ്ഥലം വൃന്ദാവനം മാതൃകയില്‍ സെറ്റിടുകയും ചെയ്തു. ഇതിനെതിരെയും വലിയ പരാതി ഉയര്‍ന്നിരുന്നു.
മുന്‍ എംഎല്‍എയായ സിപിഐ ദേവസ്വം ഭരണ സമിതി അംഗവും ജനതാദള്‍ അംഗവും നേരിട്ടാണ് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അഷ്ടമിരോഹിണിക്ക് ഗുരുവായൂരില്‍ ചെയ്ത വൈദ്യുതാലങ്കാരം കല്യാണത്തിന് വേണ്ടി അഴിക്കാതെ നീട്ടിവച്ചതിനെതിരേയും വിശ്വാസികളുടെ വലിയ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്.