വിഴിഞ്ഞം തുറമുഖം ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതി; ഉമ്മന്‍ചാണ്ടിയുടെ പേര് ഇടേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍

 | 
mv


 വിഴിഞ്ഞം തുറമുഖം ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തുറമുഖം യഥാര്‍ത്ഥ്യമാക്കിയതില്‍ ഇടതുപക്ഷത്തിന് പ്രത്യേക പബ്ലിസിറ്റി ആവശ്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വസ്തുതാപരമായ കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി. ഈ പദ്ധതി നേരത്തെ നടക്കേണ്ടതായിരുന്നു. അന്ന് തടസം നിന്നത് കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരുമാണ്. അഴിമതിക്കെതിരെയാണ് അന്ന് എല്‍ഡിഎഫ് പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാരുകൾ തുറമുഖത്തിന് വേണ്ടി ഒന്നും ചെയ്തില്ല. യുഡിഎഫിനെതിരെ നടത്തിയ അഴിമതി ആരോപണം ഇപ്പോഴും സാധുവായി നില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പ് വിഴിഞ്ഞത്ത് വലിയ കോലാഹലം ഉണ്ടായി. പ്രതിപക്ഷവും അന്ന് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുതെന്ന് പറഞ്ഞു. വിഴിഞ്ഞത്ത് തുറമുഖം വരാന്‍ പാടില്ലെന്ന ലക്ഷ്യമുളള ലോബിയുടെ ഭാഗമായിരുന്നു യുഡിഎഫ്. ബിജെപിയും ഇതിനൊപ്പം നിന്നു. എന്നാല്‍ ഇടതുപക്ഷം നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.' എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞത്ത് ഉമ്മന്‍ചാണ്ടിയുടെ പേര് ഇടേണ്ട കാര്യമില്ല. മന്ത്രിസഭ പോലും ചേരാതെ വിഴിഞ്ഞത്ത് പോര്‍ട്ട് വരുന്നതിന് പാരയായി നിന്ന കരാര്‍ ഒപ്പിട്ട ഉമ്മന്‍ചാണ്ടിയുടെ പേര് നൽകേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.