'വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വിഎസ് പ്രത്യേക സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചിരുന്നു'; വി എസിനെതിരെ വിമര്‍ശനവുമായി എംഎം ലോറന്‍സിന്റെ ആത്മകഥ
വി എസിനെതിരെ വിമര്‍ശനവുമായി എംഎം ലോറന്‍സിന്റെ ആത്മകഥ. വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വിഎസ് പ്രത്യേക സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചിരുന്നുവെന്നും എകെജി സെന്ററിലെ ഇഎംഎസിന്റെ സാന്നിധ്യം അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസിന് ഇഷ്ടമായിരുന്നില്ലെന്നും തന്റെ അപ്രമാദിത്വം ഇടിഞ്ഞോയെന്ന ആശങ്കയായിരുന്നുവെന്നും എംഎം ലോറന്‍സ് പറഞ്ഞു. കോഴിക്കോട് സമ്മേളനത്തില്‍ വി എസ് അനുകൂലികള്‍ ഇഎംഎസിനെ വിമര്‍ശിച്ചു. 1998 ല്‍ പാലക്കാട് സമ്മേളനത്തില്‍ താന്‍ ഉള്‍പ്പെടെ പതിനാറ് പേരെ പദ്ധതിയിട്ട് തോല്‍പ്പിച്ചെന്നും ആത്മകഥയില്‍ പറയുന്നു.
ശനിയാഴ്ച്ചയാണ് എംഎം ലോറന്‍സിന്റെ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ എന്ന ആത്മകഥ പ്രകാശനം ചെയ്യുന്നത്. അതിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോള്‍ 'പച്ചക്കുതിര' മാസികയിലൂടെ പുറത്ത് വന്നിരിക്കുന്നത്. സിപിഐഎമ്മില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് ശേഷമുള്ള വിഭാഗീയതയുടെയെല്ലാം കേന്ദ്രം വിഎസ് അച്യുതാനന്ദനായിരുന്നുവെന്നും എംഎം ലോറന്‍സ് ആരോപിക്കുന്നു.