'വി.എസ് ഏറ്റവും വലിയ കരുത്ത്'; സംസ്ഥാനസമിതിയിൽനിന്ന് ഒഴിവാക്കിയതിൽ ​ഗോവിന്ദന്റെ വിശദീകരണം

 | 
mvg


കൊല്ലത്ത് സമാപിച്ച സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനസമിതിയില്‍ ക്ഷണിതാവായിപ്പോലും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ ഉള്‍പ്പെടുത്താത്തില്‍ വിശദീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വി.എസിനെ അവഗണിച്ചുവെന്ന വാര്‍ത്ത തനി തോന്ന്യാസമാണെന്ന് അദ്ദേഹം പാര്‍ട്ടി മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വി.എസ്. ക്ഷണിതാക്കളില്‍ ഉറപ്പായുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'വി.എസ്. അച്യുതാതാനന്ദനെ അവഗണിച്ചുവെന്ന് വാര്‍ത്തയെഴുതിയത് തനി തോന്ന്യാസമാണ്. ഏറ്റവും സമുന്നതനായ നേതാവായ വി.എസ്. ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞതവണയും അദ്ദേഹം പ്രത്യേകക്ഷണിതാവായിരുന്നു. സംസ്ഥാനസമിതിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ഒഴിഞ്ഞവരില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളുമുണ്ട്. 75 പിന്നിട്ട അവര്‍ സാങ്കേതികമായി സംസ്ഥാനസമിതിയില്‍നിന്ന് ഒഴിഞ്ഞെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാര്‍ട്ടി കോണ്‍ഗ്രസ് കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍ വി.എസ്. ആണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളില്‍ ഉറപ്പായുമുണ്ടാകും', എന്നായിരുന്നു എം.വി. ഗോവിന്ദന്റെ വാക്കുകള്‍.

ഇക്കാര്യം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചു. 'സി.പി.എം. രൂവത്കരണത്തിലേക്ക് എത്തിയ അഖിലേന്ത്യാ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന 32 സഖാക്കളില്‍ ഒരാളാണ്. വി.എസിനെ ക്ഷണിതാവാക്കിയില്ലെന്ന വാര്‍ത്തകളൊക്കെ അടിസ്ഥാനപരമായി തെറ്റായ വാര്‍ത്തയാണ്. ക്ഷണിക്കപ്പെടേണ്ട നേതാക്കളെക്കുറിച്ച് തീരുമാനം പാര്‍ട്ടി കൈക്കൊള്ളും. അതില്‍ ഒന്നാമത്തെ പേര് വി.എസിന്റേതായിരിക്കും', എന്നായിരുന്നുഅദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനേയും 89 അംഗ സംസ്ഥാനകമ്മിറ്റിയേയുമാണ് സമ്മേളനം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. പ്രായപരിധിയെ തുടര്‍ന്ന് പി.കെ. ശ്രീമതി, എ.കെ. ബാലന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിഞ്ഞപ്പോള്‍, കെ.കെ. ശൈലജ, എം.വി. ജയരാജന്‍, സി.എന്‍. മോഹനന്‍ എന്നിവര്‍ പകരമായെത്തി. സംസ്ഥാന സമിതിയില്‍നിന്ന് പ്രായത്തിന്റേയും ആരോഗ്യപ്രശ്‌നങ്ങളേയും തുടര്‍ന്ന് 14 അംഗങ്ങളെ ഒഴിവാക്കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടിയെ പ്രാദേശിക സംഘടനാ പ്രശ്‌നങ്ങളുടെ പേരിലും മാറ്റി നിര്‍ത്തി. 17 പേര്‍ പുതുതായി സംസ്ഥാനസമിതിയില്‍ എത്തി.

മന്ത്രി വീണാ ജോര്‍ജിനെ മാത്രമായിരുന്നു സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നത്. പാര്‍ട്ടി രൂപീകൃതമായ ശേഷം വി.എസിന്റെ പേരില്ലാത്ത ആദ്യത്തെ സംസ്ഥാന കമ്മിറ്റി പട്ടികയായിരുന്നു ഇത്തവണത്തേത്. കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ കെ.എച്ച്. ബാബുജാനെ ക്ഷണിതാവായി പിന്നീട് തീരുമാനിച്ചേക്കുമെന്ന് വിവരമുണ്ടായിരുന്നു.