വാരിയംകുന്നന്‍ രണ്ടു ഭാഗങ്ങളായി പുറത്തിറക്കും; പ്രതികരണവുമായി നിര്‍മാതാക്കള്‍

പൃഥ്വിരാജും ആഷിഖ് അബുവും പിന്‍മാറിയതിനെ തുടര്‍ന്നാണ് കോമ്പസ് മൂവീസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 | 
Variyamkunnan
വാരിയംകുന്നന്‍ എന്ന ചിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ്

വാരിയംകുന്നന്‍ എന്ന ചിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കുമെന്ന് നിര്‍മാതാക്കളായ കോമ്പസ് മൂവീസ്. പൃഥ്വിരാജും ആഷിഖ് അബുവും പിന്‍മാറിയതിനെ തുടര്‍ന്നാണ് കോമ്പസ് മൂവീസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വാരിയംകുന്നന്‍ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം  നീതിയുക്തമായും അര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദീകരണത്തില്‍ പറയുന്നു. 

ആ ദിശയില്‍ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെപ്പറ്റിയും നടീനടന്‍മാരെക്കുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും നിര്‍മാതാവായ സിക്കന്ദര്‍ വ്യക്തമാക്കി. വാരിയംകുന്നന്‍ എന്ന സിനിമാ പദ്ധതി കോമ്പസ് മൂവീസ് ഏറ്റെടുത്തിട്ട് 5 വര്‍ഷത്തോളമായി. 2020 ജൂണ്‍ മാസം 22നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍ ആഷിഖ് അബുവിനും പൃഥ്വിരാജിനും പ്രോജക്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കാനാണ് കുറിപ്പെന്ന് വിശദീകരണത്തില്‍ പറയുന്നു. 

നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്‍മാറിയെന്നായിരുന്നു വാര്‍ത്ത. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സംഘപരിവാര്‍ അണികളുടെ സൈബര്‍ ആക്രമണത്തിലൂടെ വിവാദമായ സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇവര്‍ പിന്മാറിയത്. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് സംഘപരിവാര്‍ നിലപാട്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനും ആഷിഖ് അബുവിനും നേരെ വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു.