മുല്ലപ്പെരിയാറിലെ ജലം വള്ളക്കടവില്‍ എത്തി; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്നുവിട്ട വെള്ളം വള്ളക്കടവില്‍ എത്തി. ഇന്ന് രാവിലെ 7.30ഓടെയാണ് സ്പില്‍വേയിലെ 3, 4 ഷട്ടറുകള്‍ ഉയര്‍ത്തിയത്. 35 സെന്റീമീറ്റര്‍ വീതമാണ് ഇരു ഷട്ടറുകളും തുറന്നത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് ഇരു ഷട്ടറുകളിലൂടെ പുറത്തേക്കൊഴുകുന്നത്. വള്ളക്കടവില്‍ കാര്യമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
ഡാമിലെ നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. 2018ലാണ് ഇതിനു മുന്‍പ് ഡാം തുറക്കേണ്ടി വന്നത്. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമിന്റെ റിസര്‍വോയറിലേക്കാണ് എത്തുന്നത്. ഈ വെള്ളം എത്തിയാല്‍ ഇടുക്കിയിലെ ജലനിരപ്പ് 0.25 അടി ഉയരുമെന്നാണ് വിലയിരുത്തുന്നത്. വ്യാഴാഴ്ച രാത്രി ഇടുക്കിയിലെ ജലനിരപ്പ് 2398.30 അടിയാണ്.
ഇടുക്കിയില്‍ നിലവിലെ റൂള്‍ കര്‍വ് 2398.31 ആയതിനാല്‍ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി വീണ്ടും തുറക്കേണ്ടി വരും. നിലവില്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇിബി അറിയിക്കുന്നത്.