138 അടി പിന്നിട്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ്; നാളെ ഷട്ടറുകള്‍ തുറക്കും

 | 
Mullaperiyar

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 138.05 അടിയാണ് ജലനിരപ്പ്. 138 അടിയില്‍ ജലനിരപ്പ് എത്തിയതോടെ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് സ്പില്‍വേ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.

ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ രാവിലെ 7 മണിക്ക് ആരംഭിച്ചു. വാഹന സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടിലേക്ക് സെക്കന്റില്‍ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താനായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് മുല്ലപ്പെരിയാറിലെത്തും. ഡാമിലെ നിലവിലെ അപ്പര്‍ റൂള്‍ കര്‍വ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബര്‍ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി. ഡാം തുറന്നാല്‍ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, ചപ്പാത്ത്, അയ്യപ്പന്‍കോവില്‍ വഴി വെള്ളം ഇടുക്കി ജലസംഭരണിയില്‍ എത്തും.