മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയില്‍; ഷട്ടറുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയില്‍. ഡാമില്‍ അനുവദനീയമായ പരമാവധി ശേഷിയിലാണ് ജലനിരപ്പ് എത്തിയിരിക്കുന്നത്. ഇതോടെ 9 ഷട്ടറുകള്‍ തുറന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് പുലര്‍ച്ചെ 2 മണിയോടെ മാത്രമാണ് തമിഴ്‌നാട് നല്‍കിയത്.
തിങ്കളാഴ്ച രാത്രി 141.9 അടിയായിരുന്നു ജലനിരപ്പ്. ഇത് 142 അടിയില്‍ എത്തിയതോടെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കുകയായിരുന്നു. അഞ്ച് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വരെയും നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വരെയും ഉയര്‍ത്തി. അതേസമയം മുന്നറിയിപ്പ് ജനങ്ങളില്‍ എത്തുന്നതിന് മുന്‍പ് ഡാം തുറന്നുവിട്ടതിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
പെരിയാറിന് തീരത്ത് താമസിക്കുന്നവരാണ് പ്രതിഷേധിച്ചത്. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.