ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറില്‍ 5 ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

 | 
Mullaperiyar

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ 5 ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ജലനിരപ്പില്‍ കുറവുണ്ടായതോടെ ചൊവ്വാഴ്ച അടച്ച അഞ്ച് ഷട്ടറുകളാണ് ഇന്ന് വീണ്ടും തുറന്നത്. 60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 3005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. നിലവില്‍ 138.95 അടിയാണ് ഡാമിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്.

ചൊവ്വാഴ്ച രാവിലെ 8 മണിയോടെ 1, 5, 6 ഷട്ടറുകള്‍ അടച്ചിരുന്നു. ഇതിനൊപ്പം ആദ്യം തുറന്ന രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ എഴുപത് സെന്റീമീറ്ററില്‍നിന്ന് 50 സെന്റീമീറ്റര്‍ ആയി കുറയ്ക്കുകയും ഉച്ചയ്ക്ക് ശേഷം രണ്ട്, നാല് ഷട്ടറുകള്‍ അടയ്ക്കുകയുമായിരുന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് തന്നെയാണ് സൂചന.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപവത്കരിച്ച ഉപസമിതി ഇന്നലെ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. കേന്ദ്ര ജല കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശരവണകുമാര്‍ അധ്യക്ഷനായ സമിതിയില്‍ ജലവിഭവ വകുപ്പിലെ എന്‍.എസ്. പ്രസീദ്, ഹരികുമാര്‍ എന്നിവര്‍ കേരളത്തിന്റെ പ്രതിനിധികളായും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇര്‍വിന്‍, കുമാര്‍ എന്നിവര്‍ തമിഴ്‌നാട് പ്രതിനിധികളുമായും പങ്കെടുത്തു.