ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

 | 
Idukki dam

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2390.88 അടിയാണ് രാവിലെ അണക്കെട്ടില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ 9.10നാണ് അലര്‍ട്ട് നല്‍കിയത്. ഇത്തരത്തില്‍ മൂന്ന് അലര്‍ട്ടുകള്‍ നല്‍കിയതിന് ശേഷമാണ് ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നത്.

അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്താന്‍ 5 അടി ബാക്കിയുള്ളപ്പോഴാണ് ബ്ലൂ അലര്‍ട്ട് നല്‍കുക. ഡാം റൂള്‍ കര്‍വ് അനുസരിച്ച് ഒക്ടോബര്‍ 20 വരെ 2395 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. ഇനി മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. നാല് അടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് നല്‍കുകയും 5 അടിയില്‍ എത്തിയാല്‍ ഡാം തുറക്കുകയും ചെയ്യും.