ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. 2396.86 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2403 അടിയാണ് ഇടുക്കി സംഭരണിയുടെ പരമാവധി ശേഷി. ഡാം റൂള്‍ കര്‍വ് അനുസരിച്ച് 2398.86 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.
ഇതിന് മുന്നോടിയായി മൂന്ന് അലര്‍ട്ടുകള്‍ നല്‍കും. 2390.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ കഴിഞ്ഞ ദിവസം ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. 2397.86 അടിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും തമ്മില്‍ ഒരടിയുടെ വ്യത്യാസം മാത്രമേയുള്ളു. കാലവര്‍ഷം ശക്തമായതിനാലും അണക്കെട്ടിന്റ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലും ജലനിരപ്പ് കഴിഞ്ഞ 10 ദിവസമായി ക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
മൂലമറ്റം പവര്‍ ഹൗസില്‍ 5 ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. സംഭരണിയിലേക്ക് ഒഴുകിവരുന്ന വെള്ളത്തിന് അനുസൃതമായി വൈദ്യുതോത്പാദനം നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. അതേസമയം കക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്.