അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തണം; മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി
നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ നടിക്ക് പിന്തുണയുമായി ഡബ്ല്യുസിസി. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിനോടു മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നതായി ഫെയിസ്ബുക്ക് പോസ്റ്റില്‍ ഡബ്ല്യുസിസി പറയുന്നു. മുഖ്യമന്ത്രിക്ക് നടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര അവള്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഡബ്ല്യുസിസിയുടെ പോസ്റ്റില്‍ പറയുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാരുടെ രാജിയും ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്.
രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തനിക്ക് ഭയമുണ്ടാക്കുന്നുണ്ട്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്കയുള്ളതായും നടി കത്തില്‍ വ്യക്തമാക്കി. അതേസമയം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രതി ദിലീപ് പരാതി നല്‍കി. ബാലചന്ദ്രകുമാറിന്റെ അഭിമുഖം കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ്. അഭിമുഖത്തിന് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണെന്നും പ്രോസിക്യൂഷനെതിരെ നല്‍കിയ പരാതിയില്‍ ദിലീപ് ആരോപിക്കുന്നു.