നെതർലാൻ‍ഡ്സ് മാതൃക പഠിച്ചിട്ട് എന്തായി? സർക്കാറിനെതിരെ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

 | 
cheriyan philip

ദുരന്തനിവാരണത്തില്‍ സർക്കാറിനെതിരെ രൂക്ഷ വിർശനവുമായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്‍റെ പോസ്റ്റ്. ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും  ചെയ്യുന്നത് ജനവഞ്ചനയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലണ്ട് മാതൃകയെക്കുറിച്ച്  അവിടെ പോയി പഠിച്ചു. തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പോസ്റ്റില്‍ കുറിച്ചു.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല മാനേജ്മെൻറിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാവൂ എന്നും അദേഹം കുറിച്ചു. 

പോസ്റ്റ് വായിക്കാം