കാന്തപുരം പറഞ്ഞത് ആർ.എസ്.എസ് പറഞ്ഞതിന് തുല്യം; എം.എ. ബേബി

ഇത് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു
 | 
MA Baby

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനക്കെതിരെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ആർ.എസ്.എസും മോഹൻ ഭ​ഗവതും പറഞ്ഞതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് എം.എ. ബേബി പറഞ്ഞു. ഇത് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ മതങ്ങളും അതിന്റെ ആവിർഭാവ കാലത്ത് വളരെ മഹത്തായ മനുഷ്യസ്നേഹപരമായ ആശയങ്ങൾ ഉള്ളതാണ്. മനുഷ്യ സാഹോദര്യവും സ്നേഹവും നന്മയും ഒക്കെയാണ് പറഞ്ഞിട്ടുള്ളത്. അതിൽനിന്ന് വ്യത്യസ്തമായിട്ട് ഒരു മതവും ഇല്ല. എന്നാൽ പിന്നീട് ഓരോ മതത്തിലും നമുക്ക് യോജിക്കാൻ കഴിയാത്ത പല ആശയങ്ങളും ആ മതങ്ങളെ വ്യാഖ്യാനിക്കുന്ന പലരും ഉൾക്കൊള്ളിച്ചിട്ടുള്ള അനുഭവങ്ങളുണ്ട്.

ഇപ്പോൾ മിക്കമതങ്ങളും ദൗർഭാഗ്യവശാൽ പല സന്ദർഭങ്ങളിലും സ്ത്രീകളുടെ തുല്യത അംഗീകരിക്കുന്നതിൽ വിമുഖത കാണിക്കാറുണ്ട്. അതിൻറെ ഒരു ഭാഗമാണ് കാന്തപുരത്തിന്റെ അഭിപ്രായത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. സ്ത്രീകൾ പൊതുവേദിയിലേക്ക് വരുന്നതിൽ നിയന്ത്രണം പാലിക്കണം തുടങ്ങിയ കാര്യങ്ങൾ. ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്നാണ് ഹിന്ദു മതത്തിന്റെ വ്യാഖ്യാനവുമായിട്ട് മുന്നോട്ടു പോകുന്നു അവകാശപ്പെടുന്ന ആർഎസ്എസുകാർ അഭിപ്രായപ്പെടുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെടുകയും മാനഭംഗപ്പെടുകയും ചെയ്യുന്ന വിഷയം ഇന്ത്യയിൽ ഉയർന്നു വന്നപ്പോൾ ‘സ്ത്രീകളെല്ലാം വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം, സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നതുകൊണ്ടാണ് അവർക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്’ എന്നാണ് ആർഎസ്എസിന്റെ തലവൻ മോഹൻ ഭഗവത് പറഞ്ഞത്. ഏതാണ്ട് ഇതേ സ്വരത്തിൽ ഇതിനു സമാനമായ രൂപത്തിലാണ് കാന്തപുരം അവതരിപ്പിച്ചിരിക്കുന്നത്.

ഇത് യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾക്കും നിയമവസ്ഥക്കും എതിരൊണ്. സ്ത്രീ പുരുഷ തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. അപ്പോൾ ഏതു മതത്തിന്റെ പേരിലുള്ള വ്യാഖ്യാനവും ഇന്ത്യൻ ഭരണഘടന മൂല്യങ്ങളെ അംഗീകരിക്കാത്തത് ആയിക്കൂടാ. സ്ത്രീ പുരുഷ തുല്യത എന്നുള്ളത് ഇന്ത്യൻ ഭരണഘടനയിലെ ആശയമാണ്. ഒരു മതത്തിന്റെ പേരിലും ആ തുല്യതയെ ചോദ്യം ചെയ്യുന്ന സമീപനം ഉണ്ടായിക്കൂടാ. ഇത്തരത്തിൽ അഭിപ്രായങ്ങൾ പറയുന്നവർ ആത്മപരിശോധന നടത്തും എന്ന് പ്രതീക്ഷിക്കുകയാണ്.