ബിനീഷ് കോടിയേരി ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് പിന്തുണയൊന്നും ലഭിച്ചില്ലെന്ന് ഭാര്യ റെനീറ്റ

ബിനീഷ് കോടിയേരി ജയിലിലായിരുന്നപ്പോള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്ന് ഭാര്യ റെനീറ്റ. കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം നില്‍ക്കുന്ന സ്ഥാനത്ത് നിന്നും ഇടപെടാന്‍ കഴിയില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും റെനീറ്റ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പ്രതികരണം.
'ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോലും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല. ഇടപെട്ടിരുന്നുവെങ്കില്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. ഇഡി ആരുടെയൊക്കെയോ പേരുപറയാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് യാതൊരു തരത്തിലും ഇടപെടാന്‍ സാധിച്ചിട്ടില്ല. അതുഎന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്. അച്ഛന്‍ നില്‍ക്കുന്ന സ്ഥാനത്ത് നിന്നുകൊണ്ട് ഇടപെടാന്‍ കഴിയില്ല' എന്നാണ് റെനീറ്റ പറഞ്ഞത്.
തിരികെയെത്തിയ ശേഷം ബിനീഷ് ഉന്നയിച്ച ആരോപണങ്ങള്‍ നേരത്തെയാകാമായിരുന്നു. അവര്‍ ആവശ്യപ്പെട്ടതിനോടൊന്നും വഴങ്ങാത്തത് കൊണ്ട് ഒരു വര്‍ഷം കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. ബിനീഷിനെതിരായ അന്വേഷണം രാഷ്ട്രീയമാണ്. ഇതില്‍ വാസ്തവമില്ല. ആരോപണം ഉയര്‍ന്നപ്പോഴും ബിനീഷിനെ ഒരിക്കല്‍ പോലും സംശയിച്ചിട്ടില്ലെന്നും കോടിയേരിയെന്നുള്ള പേര് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും റെനീറ്റ പറഞ്ഞു.
തനിക്കെതിരെ കേസുണ്ടായത് ഭീഷണിക്ക് വഴങ്ങിക്കൊടുക്കാത്തതിനാലെന്ന് ബിനീഷ് കോടിയേരി പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് തിരുവനന്തപുരത്ത് എത്തിയ ബിനീഷ് മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് ഒരുപാട് പറയാനുണ്ടെന്നും നേരില്‍ പറയാമെന്നും ബിനീഷ് പറഞ്ഞു. സത്യത്തെ കള്ളമാക്കാന്‍ പറ്റും. പക്ഷേ കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോട് ചേര്‍ന്ന് നില്‍ക്കും. നീതി പുലര്‍ത്തുകയും ചെയ്യുമെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടത്. കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയ്യാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണം. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.
ഇന്നലെയാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. രാത്രി 8 മണിയോടെ ജയില്‍ മോചിതനായ ബിനീഷിനെ സ്വീകരിക്കാന്‍ സഹോദരന്‍ ബിനോയ് കോടിയേരി, സുഹൃത്തുക്കള്‍ എന്നിവര്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം മകനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.