‘എല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒറിജിനൽ കാർഡ് വരും’ - വി.ഡി സതീശൻ; ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്...’ -എം.വി ​നികേഷ് കുമാർ

സതീശൻ പേര് പറഞ്ഞില്ലെങ്കിലും നികേഷ് കുമാർ മറുപടി പറയുകയായിരുന്നു
 | 
Satheesan Nikeshkumar

മാധ്യമങ്ങളുമായി സംസാരിക്കവെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പേര് വെളിപ്പെടുത്താതെ നടത്തിയ മുന്നറിയിപ്പിന് മറുപടിയുമായി സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റി അംഗവും നവമാധ്യമ മേധാവിയുമായ എം.വി നികേഷ് കുമാർ രംഗത്ത്. ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്..’ എന്ന് ഒറ്റ വരിയിലായിരുന്നു വി.ഡി സതീശന്റ വീഡിയോ പങ്കുവെച്ചുകൊണ്ട് നികേഷിന്റെ പ്രതികരണം.

കോൺഗ്രസ് പ്രഖ്യാപിച്ച മുണ്ടക്കൈ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരിക്കവെയാണ് താൻ പണം തട്ടിയെന്ന സി.പി.എം പ്രചാരണം വി.ഡി സതീശൻ പരാമർശിച്ചത്.

‘സമഹാരിച്ച തുകയിൽ നിന്നും ഞാൻ പണം തട്ടിയെന്ന് വ്യാപകമായി പ്രചാരണം നടത്തുകയാണ്. കെ.പി.സി.സി നൽകിയ പണം അടിച്ചുമാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ നിന്നിറക്കിയ ഒരു കാർഡ്. പാർട്ടി പിരിച്ച 100കോടി ഞാൻ വീട്ടിൽ ​കൊണ്ടുപോയെന്ന നിലയിൽ കാർഡിറിക്കിയിരിക്കുന്നു. പിണറായി വിജയൻ 16​ കൊല്ലം പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ സി.പി.എം നടത്തിയ ഫണ്ട് പിരിവിലെ തുകയെല്ലാം അദ്ദേഹം വീട്ടിൽ കൊണ്ടുപോകുകയായിരുന്നോ..​?

എ.കെ.ജി സെന്ററിലിരുന്ന് നിങ്ങൾ ചുമതലപ്പെടുത്തിയ ആളുടെ നേതൃത്വത്തിൽ എല്ലാ ദിവസം എനിക്കെതിരെ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരും എന്ന്’ -ഇതായിരുന്നു വി.ഡി സതീശന്റെ മുന്നറിയിപ്പ്.

എ.കെ.ജി സെന്ററിൽ ഇരുന്ന് തനിക്കെതിരെ ആ ഒരാൾ നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് വി.ഡി സതീശന്റെ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ആളുടെ പേര് പറഞ്ഞില്ലെങ്കിലും എം.വി നികേഷ് കുമാർ ഫേസ് ബുക് പോസ്റ്റുമായി സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെടുയായിരുന്നു.