നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു, ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല; വെല്ലുവിളിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്
മുസ്ലീം ലീഗ് നടത്തിയ വഖഫ് റാലിക്കെതിരെ കേസെടുത്ത സംഭവത്തില്‍ വെല്ലുവിളിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ഇവര്‍ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്. ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല എന്ന് ഫിറോസ് ഫെയിസ്ബുക്ക് പേജില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ കണ്ണൂര്‍ പ്രസംഗത്തിന്റെ ടോണില്‍ വായിക്കുകയെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് ബോധ്യം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലീം ലീഗിന് ബോധ്യം വന്നിട്ടില്ലെന്നാണ് പറയുന്നത്. അവരുടെ ബോധ്യം ആരു പരിഗണിക്കുന്നു. ലീഗിന് എന്താണോ ചെയ്യാനുള്ളത് ചെയ്യ് എന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും അനുമതിയില്ലാതെ റാലി നടത്തിയതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ് വഖഫ് റാലിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലീഗ് നേതാക്കളും കണ്ടാലറിയാവുന്ന 10,000ഓളം പ്രവര്‍ത്തകരുമാണ് പ്രതികള്‍.