കോടിയേരിയുടെ വിലാപയാത്രയെ അട്ടിമറിച്ചതാര്? ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ
അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിലാപ യാത്ര അട്ടിമറിച്ചത് ആരാണെന്ന ചോദ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തലസ്ഥാനത്ത് ഭൗതികശരീരം പൊതുദർശനത്തിനു വയ്ക്കണമെന്ന് കുടുംബം സിപിഐഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതായി കോടിയേരിയുടെ ഭാര്യ പറഞ്ഞിരുന്നു. ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
ശ്രീ കോടിയേരി ബാലകൃഷ്ണൻ മരണപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് എത്തിക്കാഞ്ഞതിനെ പറ്റി വിമർശനം ഉയർന്നതാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒരു വിലാപയാത്ര അദ്ദേഹം അർഹിച്ചിരിന്നുവെന്ന് അദ്ദേഹത്തോട് ആഭിമുഖ്യമുള്ള പലരും അക്കാലത്ത് അഭിപ്രായപ്പെട്ടതുമാണ്.
ഇക്കാര്യത്തിലെ താല്പര്യം കുടുംബം നിലവിലെ പാർട്ടി സെക്രട്ടറി ശ്രീ MV ഗോവിന്ദനെ അറിയിച്ചിരുന്നുവെന്ന് കോടിയേരിയുടെ സഹധർമ്മിണി തെല്ലും പരിഭവത്തോടെ കഴിഞ്ഞ ദിവസം സ്ഥിരികരിക്കുകയും ചെയ്തു.
അപ്പോൾ ആരാണ് ആ വിലാപയാത്രയെ അട്ടിമറിച്ചിട്ടുണ്ടാവുക?
ആരുടെ ധൃതിയാകാം കോടിയേരിക്ക് അർഹമായ ആ യാത്രമൊഴിയെ നിഷേധിച്ചിട്ടുണ്ടാവുക?
എന്തായാലും ശ്രീമതി വിനോദിനി കോടിയേരി ഉള്ളുതുറന്ന് ഈ സങ്കടം പങ്ക് വെച്ച ദിവസം തന്നെ അതിനുശേഷം അവരുടെ സഹോദരനും യുണൈറ്റഡ് ഇൻഡസ്ട്രീസ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ MDയുമായ SR വിനയകുമാറിനെ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചൂതാട്ടം നടത്തിയതിന് പോലിസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം..
ഇത്തരം യാദൃശ്ചികതകളെ ഭയന്നാണ് CPMലെ ജീർണ്ണതകളെ പറ്റി ആ പാർട്ടിയിലെ പല നേതാക്കളും മൗനമായിരിക്കുന്നത്.