ലോക്‌സഭ ആകര്‍ഷണീയമായ ജോലിസ്ഥലമല്ലെന്ന് ആരുപറഞ്ഞു? വനിതാ എംപിമാരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍

 | 
Shashi Tharoor

ജോലിയെടുക്കാന്‍ അത്ര ആകര്‍ഷണീയമായ സ്ഥലമല്ല ലോക്‌സഭയെന്ന് ആരു പറഞ്ഞു? ശശി തരൂര്‍ എംപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാചകമാണ് ഇത്. പക്ഷേ, ആറ് വനിതാ എംപിമാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രം പങ്കുവെച്ചുകൊണ്ടാണ് തിരുവനന്തപുരം എംപിയുടെ പോസ്റ്റ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസമാണ് തരൂര്‍ വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും നടിമാരുമായ മിമി ചക്രബോര്‍ത്തി, നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടിലെ കരൂര്‍ മണ്ഡത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും എഴുത്തുകാരിയുമായ ജ്യോതിമണി സെണ്ണിമലൈ, ഡിഎംകെ എംപിയും കവയിത്രിയുമായ തമിഴാച്ചി തങ്കപാണ്ഡ്യന്‍, പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയുമായ പ്രണീത് കൗര്‍, ശരദ് പവാറിന്റെ മകളും മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപിയുമായ സുപ്രിയ സുലെയുമാണ് തരൂരിനൊപ്പം ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. മിമി ചക്രബോര്‍ത്തിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

വനിതാ എംപി മുന്‍കയ്യെടുത്താണ് ഈ സെല്‍ഫി പകര്‍ത്തിയിരിക്കുന്നതെന്നും അവരുടെ ആവശ്യപ്രകാരമാണ് താന്‍ ഇത് പങ്കുവെയ്ക്കുന്നതെന്നും പോസ്റ്റില്‍ തരൂര്‍ പറയുന്നു. ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല. എങ്കിലും ഇത്തരം സൗഹൃദ നിമിഷങ്ങള്‍ പങ്കുവെക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തരൂര്‍ കുറിച്ചു.

പോസ്റ്റ് കാണാം