എന്തിന് ജനിപ്പിച്ചു? അമ്മയുടെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി; ലഭിച്ചത് കോടികളുടെ നഷ്ടപരിഹാരം

 | 
Evie Toombes

താന്‍ ജനിക്കാന്‍ കാരണമായതിന് അമ്മയുടെ ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി. ഈവീ ടൂംസ് എന്ന പ്രശസ്തയായ ബ്രിട്ടീഷ് ഷോജംപറാണ് പരാതിക്കാരി. ഫിലിപ്പ് മിച്ചല്‍ എന്ന ഡോക്ടര്‍ക്കെതിരെയാണ് 20കാരിയായ ഈവി പരാതി നല്‍കിയിരിക്കുന്നത്. സ്‌പൈന ബിഫിഡയെന്ന അസുഖവുമായാണ് ഇവര്‍ ജനിച്ചത്. നട്ടെല്ലിന് ജന്മനായുള്ള ഈ തകരാറ് മൂലം ഈവിക്ക് ചിലപ്പോള്‍ 24 മണിക്കൂറിലേറെ ആശുപത്രി വാസം ആവശ്യമായി വരാറുണ്ട്. ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കാന്‍ ഡോക്ടര്‍ തന്റെ അമ്മയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ തനിക്കുണ്ടാകുമായിരുന്നില്ലെന്നാണ് യുവതി വാദിച്ചത്.

ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കുന്നത് കുട്ടിക്ക് സ്‌പൈന ബിഫിഡയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നില്ല. അങ്ങനെ ഉപദേശം നല്‍കിയിരുന്നെങ്കില്‍ തന്റെ മാതാവ് അപ്പോള്‍ ഗര്‍ഭധാരണം പോലും മാറ്റിവെക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞു. ഈ വാദം ലണ്ടന്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈവിയുടെ അമ്മയ്ക്ക് ശരിയായ ഉപദേശം ലഭിച്ചിരുന്നെങ്കില്‍ അവര്‍ ഗര്‍ഭിണിയാകാനുള്ള ശ്രമം മാറ്റിവെക്കുകയും പിന്നീട് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുമായിരുന്നെന്ന് ജഡ്ജ് റോസലിന്‍ കോ പറഞ്ഞു.

ഈവിയുടെ വാദങ്ങള്‍ അംഗീകരിക്കുക മാത്രമല്ല, വന്‍ തുക നഷ്ടപരിഹാരമായി യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. നഷ്ടപരിഹാരത്തുക അന്തിമമായി കണക്കാക്കിയിട്ടില്ലെങ്കിലും അതൊരു വലിയ സംഖ്യയായിരിക്കുമെന്ന് ഈവിയുടെ അഭിഭാഷകരും വ്യക്തമാക്കി. യുവതിയുടെ ജീവിതകാലം മുഴുവനുള്ള ചികിത്സയ്ക്കാണ് തുക നല്‍കുന്നത്. മകളുടെ വാദത്തിന് അനുകൂലമായി ഈവിയുടെ മാതാവും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. ഗര്‍ഭധാരണം സംബന്ധിച്ച് ഉപദേശം നല്‍കുന്ന ഡോക്ടര്‍മാര്‍ പിന്നീടും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളവരാണെന്ന് വ്യക്തമാക്കുകയാണ് ഈ വിധിയെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. കുട്ടികള്‍ വൈകല്യങ്ങളുമായി ജനിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കു കൂടിയാണെന്ന് വ്യക്തമാക്കുകയാണ് കോടതി.