അപകടം ചെയ്യും; വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത

 | 
Samastha

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സംഭവത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കേണ്ടെന്ന് സമസ്ത. സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പള്ളികളിലെ പ്രതിഷേധം അപകടം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച തീരുമാനം പിന്‍വലിക്കണമെന്നും അതേസമയം പള്ളികളുടെ പവിത്രതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ചര്‍ച്ചയ്ക്ക് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിഷേധ പരിപാടികളൊന്നും സമസ്ത ആലോചിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് പറഞ്ഞത്.

ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ അപ്രകാരം പറഞ്ഞിട്ടെന്ന് സലാം തിരുത്തിയിരുന്നു. പള്ളികളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനമെടുത്തത് മുസ്ലീം സംഘടനകളാണെന്നും കണ്‍വീനര്‍ എന്ന നിലയിലാണ് താന്‍ അക്കാര്യം പറഞ്ഞതെന്നുമായിരുന്നു വിശദീകരണം.