7-8 മിനിറ്റില്‍ ലാന്‍ഡ് ചെയ്യും; തകര്‍ന്ന ഹെലികോപ്ടറില്‍ നിന്നുള്ള അവസാന സന്ദേശം
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട അപകടത്തിന് മുന്‍പ് ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. 7-8 മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന സന്ദേശമാണ് അവസാനമായി ലഭിച്ചത്. ഇതിന് ശേഷമാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലാന്‍ഡ് ചെയ്യാനിരുന്ന വെല്ലിംഗ്ടണില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 11.48നാണ് സൈനിക മേധാവിയും സംഘവുമായി ഹെലികോപ്ടര്‍ പുറപ്പെട്ടത്. 12.15ന് വെല്ലിംഗ്ടണില്‍ എത്തേണ്ട ഹെലികോപ്ടറുമായുള്ള ബന്ധം 12.08ന് നഷ്ടമായി. ഈ സമയത്ത് ഹെലികോപ്ടര്‍ വളരെ താഴ്ന്നാണ് പറന്നിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കൂനൂരിന് സമീപം കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ സംയുക്ത സേനാ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലാക്ക് ബോക്‌സ് ഇന്നലെ കണ്ടെത്തിയിരുന്നു. കാലാവസ്ഥ, സാങ്കേതികപ്പിഴവ്, മാനുഷിക പിഴവ് തുടങ്ങി എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് വിവരം.