'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി'; ഓർമകളിൽ വയലാർ

 | 
vayalar

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ  മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മയുടെ 48-ാം ചരമവാർഷികമാണിന്ന്.  മലയാള കവിത-നാടക-സിനിമാ ഗാനശാഖകളെ സമ്പന്നമാക്കുകയും ഗാനസങ്കൽപങ്ങളിലേക്ക് വേറിട്ട ശൈലിയും ശീലങ്ങളും സമ്മാനിക്കുകയും ചെയ്ത കവിയാണ് വയലാർ.

പെരിയാറേ പെരിയാറേ, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ആയിരം പാദസരങ്ങള്‍ കിലുങ്ങി, കടലിനക്കരെ പോണോരേ, കാളിദസന്‍ മരിച്ചു, ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളികൾ ഇന്നും നെഞ്ചോടു ചേർത്തുവയ്ക്കുന്നു. ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു...', 'ഇങ്ക്വിലാബിന്‍ മക്കള്‍ നമ്മള്‍', 'ബലികുടീരങ്ങളേ...' തുടങ്ങി ഒട്ടേറെ വിപ്ലവ ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം 25-ാം തീയതിയാണ് വയലാറിന്റെ ജനനം. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസപൂര്‍ത്തിയാക്കിയ ശേഷം അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘പാദമുദ്രകള്‍’ – തന്റെ 21-ആം വയസില്‍, പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരത്തിന് വയലാര്‍ നല്‍കിയ പേര് ഇതായിരുന്നു. കവിയെന്ന നിലയില്‍ ശ്രദ്ധ നേടിയ വയലാര്‍ സിനിമാഗാനരചയിതാവ് എന്ന നിലയിലും ആരാധകരെ സ്വന്തമാക്കി. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത വയലാര്‍ 1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയത്. ‘തുമ്പീ തുമ്പീ വാ വാ’ എന്ന ഗാനമാണ് വയലാര്‍ രചിച്ച ആദ്യ സിനിമാ ഗാനം. 22 സംഗീതസംവിധായകര്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയ വയലാര്‍ ജി ദേവരാജന്‍ മാസ്റ്ററോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയത്.

1961 ല്‍ ‘സര്‍ഗ്ഗസംഗീതം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1974 ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണപതക്കവും നേടി. ദാർശനികതയും പ്രണയവും മോഹവും പ്രകൃതിയുമെല്ലാം തുളുമ്പി നിന്ന പദങ്ങൾ കൊണ്ട് സങ്കൽപ്പ സ്വ‍ർഗം മലയാളികൾക്ക് പണിത് നൽകിയ കവിയെ മലയാളി ഇന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.