കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക വിജയമല്ല; മുട്ടുമടക്കിച്ചുവെന്ന വാദം ബാലിശമെന്ന് സുരേഷ് ഗോപി

 | 
Suresh Gopi


 
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയമല്ല, രാഷ്ട്രത്തിന്റെ വിജയമാണെന്ന് സുരേഷ് ഗോപി എംപി. കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കിയെന്നും കേന്ദ്രത്തെ മുട്ടുകുത്തിച്ചുവെന്നുമുള്ള വാദം ബാലിശമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നിയമത്തിന്റെ ഗുണങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സാധിക്കാതിരുന്നത് വീഴ്ചയാണ്.

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കു വേണ്ടിയായിരുന്നു. പിന്‍വലിച്ചാലും ഈ നിയമങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും നടത്തും. രാജ്യത്തെ കര്‍ഷകരില്‍ 80 ശതമാനവും ചെറുകിട കര്‍ഷകരാണ്. രണ്ടു ഹെക്ടറില്‍ കൂടുതല്‍ ഭൂമിയില്ലാത്ത അവര്‍ക്കു വേണ്ടിയാണ് നിയമം പിന്‍വലിച്ചതെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.

നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യസുരക്ഷയ്ക്കായാണെന്നായിരുന്നു വെള്ളിയാഴ്ച സുരേഷ് ഗോപിയുടെ പ്രതികരണം. അതിന്റെ ചില സൂചനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം പഠിച്ചതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും എംപി പറഞ്ഞിരുന്നു.