നാട് മുഴുവൻ സാക്ഷി; നിതിനയുടെ മൃതദേഹം സംസ്‌ക്കരിച്ചു
പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിതിനയുടെ മൃതദേഹം സംസ്‌ക്കരിച്ചു.തുറവേലിക്കുന്നിലെ ബന്ധുവീട്ടിൽ ആണ് ചടങ്ങുകൾ നടന്നത്മ് കോട്ടയത്ത് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം നിതിനയും അമ്മയും താമസിച്ചിരുന്ന വീട്ടിലെത്തിച്ചത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധു വീട്ടിലെത്തിക്കുകയായിരുന്നു.
നിതിന മരിച്ചത് രക്തം വാർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു.
വലിയ ജനാവലിയാണ് നിതിന മോളെ കാണാനായി തുറവേലിക്കുന്നിലെ വീട്ടിലേക്ക് എത്തിയത്. നിലവിളിച്ചുകൊണ്ടാണ് അവർ നിതിനയുടെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിച്ചത്.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വിഎൻ വാസവനും സി.കെ ആശ എംഎൽഎയും നിതിനയുടെ വീട് സന്ദർശിച്ചു.