പറവൂരിലെ വീട്ടില്‍ യുവതി വെന്തുമരിച്ചത് കൊലപാതകമെന്ന് സംശയം; സഹോദരിക്കായി തെരച്ചില്‍
പറവൂരില്‍ വീടിനുള്ളില്‍ യുവതിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പറവൂര്‍ പെരുവാരത്ത് ശിവാനന്ദന്റെ വീട്ടിലാണ് സംഭവം. ശിവാനന്ദന്റെ മൂത്തമകള്‍ വിസ്മയ (25) ആണ് മരിച്ചതെന്നാണ് കരുതുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലീസ് നീക്കം. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ശിവാനന്ദന്റെ രണ്ടാമത്തെ മകളായ ജിത്തുവിനെ (22) കാണാതായിട്ടുണ്ട്.
വീട്ടില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതിന് ശേഷം ജിത്തു ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വിസ്മയയെ കൊലപ്പെടുത്തിയതിന് ശേഷം ജിത്തു ഒളിവില്‍ പോയതാണെന്ന് പോലീസ് കരുതുന്നു. ജിത്തുവിനായുള്ള തെരച്ചില്‍ തുടരുകയാണ്. മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം കണ്ടെത്തിയിരുന്നു. മുറിയില്‍ മണ്ണെണ്ണയുടെ രൂക്ഷഗന്ധവും ഉണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നത്. വിസ്മയയെ കൊലപ്പെടുത്തിയതിന് ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചതായിരിക്കുമെന്നാണ് നിഗമനം. ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയതായും വിവരമുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.