കളമശ്ശേരിയില്‍ യുവതി കൊല്ലപ്പെട്ട അപകടം; കാണാതായ യുവാവിനെ കണ്ടെത്തി, ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കളമശ്ശേരിയില്‍ യുവതി കൊല്ലപ്പെട്ട അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡ്രൈവര്‍ സല്‍മാനുള്‍ ഫാരിസിനെതിരെയാണ് കളമശ്ശേരി പോലീസ് കേസെടുത്തത്. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി. സല്‍മാനുല്‍ ഫാരിസിനെ അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം പ്രദേശത്തു നിന്ന് കാണാതായ യുവാവിനെ കണ്ടെത്തിയിട്ടുണ്ട്.
വരാപ്പുഴ സ്വദേശിയായ ജിബിനെയാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. അപകടത്തിന് ശേഷമുള്ള യുവാവിന്റെ തിരോധാനം സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
എടത്തല സ്വദേശി മന്‍ഫിയയാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പത്തടിപ്പാലത്തു വെച്ച് കാര്‍ നിയന്ത്രണംവിട്ട് മെട്രോ പാലത്തിന് കീഴിലുള്ള പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു.