'കുട്ടികളുടെ അവസരം നിഷേധിക്കില്ല', കായികമേളയിൽ 2 സ്കൂളുകളെ വിലക്കിയ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ

 | 
sivankutty

സംസ്ഥാന കായികമേളയിൽ നിന്നും രണ്ട് സ്കൂളുകളെ വിലക്കിയ നടപടി പുനഃപരിശോധിക്കാൻ സർക്കാർ.  മാർ ബേസിലിന്‍റെയും നാവാമുകുന്ദ സ്കൂളിന്‍റെയും അപേക്ഷ പരിഗണിക്കുമെന്നും കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുട്ടികളുടെ അവസരം നിഷേധിക്കുന്ന നടപടിയുണ്ടാകില്ല. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ സ്കൂളുകളുടെ വിലക്ക് നീക്കുന്ന തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം നേടിയ തിരുനാവായ നാവമുകുന്ദ സ്കൂളിലെ ആദിത്യ അജി നടത്തിയ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി അറിയിച്ചു.

കായിക മേളയിൽ നിന്നും സ്‌കൂളിനെ വിലക്കിയ നടപടി പിൻവലിക്കണമെന്നും തന്നെ പോലെ കേരളത്തിനായി അധ്വാനിക്കുന്ന മറ്റ് കുട്ടികളുമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ദയവുചെയ്തു കനിയണമെന്നും ആദിത്യ ഏഷ്യാനെറ്റ് ന്യൂസിലൂടെ അഭ്യർത്ഥിച്ചിരുന്നു. അടുത്ത വർഷം പ്ലസ് ടു ആയതിനാൽ അവസാന സ്കൂൾ മീറ്റാകും. കേരളത്തിന്‌ മെഡൽ സമ്മാനിച്ച് സ്കൂൾ വിടണമെന്നാണ് ആഗ്രഹം. അതിനാൽ സ്‌കൂളിൻറെ വിലക്ക് പിൻവലിക്കണമെന്നായിരുന്നു ആദിത്യ അജിയുടെ അഭ്യർത്ഥന.

സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തിന്‍റെ പേരിലാണ് സര്‍ക്കാര്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്കേർപ്പെടുത്തിയത്. തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ററി സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍റി സ്കൂളിനെയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് വിലക്കിയത്. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു നടപടി. സ്കൂള്‍ കായികമേള സംഘര്‍ത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്കും സമിതി ശുപാര്‍ശ ചെയ്തിരുന്നു.