ലോകകപ്പ് ട്വന്റി20: ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ജയത്തോടെ തുടക്കം

ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്, ഇംഗ്ലണ്ട്  വിന്റീസിനെ 6 വിക്കറ്റിനു തോൽപ്പിച്ചു.
 | 
australia

ലോകകപ്പ് ട്വന്റി20 യിലെ സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ഓസ്ട്രേലിയ മറികടന്നു. സ്കോർ ദക്ഷിണാഫ്രിക്ക 118/9(20), ഓസ്ട്രേലിയ 121/5(19.4)

രണ്ടാം മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ വെസ്റ്റിൻഡീസിനെ 55ന് ഓൾ ഔട്ടാക്കി ഇംഗ്ലണ്ട് 6 വിക്കറ്റ് വിജയം സ്വന്തമാക്കി. സ്കോർ വെസ്റ്റിൻഡീസ് 55(14.2), ഇംഗ്ലണ്ട് 56/4(8.2)

അബുദാബിയിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിം​ഗ് തെരഞ്ഞെടുത്തു. ​ആദ്യ ഓവറിൽ ദക്ഷിണാഫ്രിക്കൻ നായകൻ ബാവുമ നന്നായി തുടങ്ങി എങ്കിലും രണ്ടാം ഓവറിൽ പുറത്തായി. സ്കോർ 23ൽ എത്തുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായിരുന്നു. 40 റൺസെ‌ടുത്ത എയ്ഡൻ മാർക്രം മാത്രമാണ് ഓസീ അറ്റാക്കിന് മുന്നിൽ പിടിച്ചു നിന്നത്. ആദം സാംപ, മിച്ചൽ സ്റ്റാർക്ക്, ഹാസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിം​ഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ഓപ്പണർമാരായ വാർണറുടേയും ഫിഞ്ചിന്റേയും വിക്കറ്റ് വേ​ഗം നഷ്ടപ്പെട്ടെങ്കിലും സ്മിത്തും( 34 പന്തിൽ 35)  മാക്സ്വെല്ലും ( 21 പന്തിൽ 18) സ്റ്റോയ്ണിസും ( പുറത്താകാതെ 16 പന്തിൽ 24) ടീമിനെ വിജയത്തിലെത്തിച്ചു. 

ദുബായിൽ നടന്ന രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബൗളർമാർ വിൻഡീസിനെ എറിഞ്ഞിടുകയായിരുന്നു. 13 റൺസ് നേടിയ ക്രിസ് ഗെയിൽ മാത്രം ആണ് ഇരട്ട ആക്കം കണ്ടത്. ആദിൽ റഷീദ് 4 വിക്കറ്റും മോയിൻ അലി, ടൈമൽ മിൽസ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 24 റൺസ് എടുത്തു പുറത്താകാതെ നിന്ന ജോസ് ബാട്ട്ലർ ആണ് വിജയിപ്പിച്ചത്. അകെൽ ഹൊസയ്ൻ 2  വിക്കറ്റ് വീഴ്ത്തി.