കോവാക്‌സിന് അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന; കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യം

 | 
Covaxin

ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ കോവാക്‌സിന് അംഗീകാരം നല്‍കാതെ ലോകാരോഗ്യ സംഘടന. വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് കോവാക്‌സിന് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചത്. വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

എത്രമാത്രം പ്രതിരോധശക്തി കോവാക്‌സിന്‍ നല്‍കുന്നു എന്ന കാര്യത്തിലാണ് വ്യക്തത വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസവും ഡബ്ല്യുഎച്ച്ഒ ഭാരത് ബയോടെക്കില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജൂലൈ മുതലുള്ള വിവരങ്ങളാണ് നല്‍കാന്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇന്ത്യയില്‍ ഉപയോഗാനുമതിയുള്ള കോവാക്‌സിന് അമേരിക്കയിലും യൂറോപ്പിലും അനുമതിയില്ല.

രാജ്യത്ത് കുട്ടികളിലും കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. 2 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലും കോവാക്‌സിന്‍ ഉപയോഗിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ്ധസമിതി വ്യക്തമാക്കിയിരിക്കുന്നത്.