ഇന്ത്യോനേഷ്യന്‍ സുനാമിയില്‍ മരണം 832; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണം 800 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി മൃതദേഹങ്ങള്‍ മണ്ണിനടിയില്പ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്ന്നാണ് സുനാമിയുണ്ടാകുന്നത്. കടലോര നഗരമായി പാലുവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. പാലുവിനെ കൂടാതെ ഡോംഗല തീരപ്രദേശത്തും സുനാമി ഉണ്ടായിട്ടുണ്ട്. 5000ത്തോളം കടുംബങ്ങളെ വിവിധ പ്രദേശങ്ങളില്‍ നിന്നായി മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച്ച വൈകീട്ട് സുലവേസി ദ്വീപിലുണ്ടായ ഭൂചലനമാണ് സുനാമിക്ക് കാരണമായത്. പാലുവിലെ തീരത്ത് ഏതാണ്ട് പത്തടി ഉയരത്തിലാണ് തിരമാലകളുണ്ടായത്. ഭൂകമ്പത്തിന് മുന്‍പ് സര്‍ക്കാര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്. പാലുവില്‍ മാത്രമായി 680ലധികം പേര് കൊല്ലപ്പെട്ടതായിട്ടാണ് സൂചന. എന്നാല്‍ വരും മണിക്കൂറുകളില്‍ മാത്രമെ മരണ സംഖ്യ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പറയാനാകൂവെന്നാണ് ഔദ്യോഗിക വിശദീകരണം. ഭൂകമ്പ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും ഒഴിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി ദുരന്തനിവാര സേനയുടെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലുവിലെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. വിമാനത്താവളം അടച്ചു. പ്രദേശത്ത് ഇനിയും ഭൂചലനത്തിനും സുനാമിക്കും സാധ്യതയുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രികള്‍ മിക്കവയും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഏതാണ്ട് ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരെയും ടെന്റുകളിലും തുറസ്സായ സ്ഥലത്തും കിടത്തിയാണ് നിലവില്‍ ചികിത്സ നല്‍കുന്നത്.