ശ്രീലങ്ക ഭീകരാക്രമണം; ഇന്ത്യ മണിക്കൂറുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് റിപ്പോര്‍ട്ട്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില് ശ്രീലങ്കയില് നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ മുന്നറിയിപ്പുകള് നല്കിയിരുന്നുവെന്ന് റിപ്പോര്ട്ട്. മൂന്നു തവണ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. സ്ഫോടനത്തിന് മണിക്കൂറുകള്ക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നല്കിയതെന്നും റിപ്പോര്ട്ടുകള് പറയുന്നു. ഈ മുന്നറിയിപ്പില് നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാന് സാധിക്കാതെവന്നതെന്ന് ശ്രീലങ്കന് അധികൃതര് സമ്മതിച്ചിട്ടുണ്ട്.
കൊളംബോയില്‍ ആദ്യ സ്ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഏപ്രില്‍ നാല്, ഏപ്രില്‍ 20 എന്നീ ദിവസങ്ങളിലും ശ്രീലങ്കയ്ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ചാവേറിന്റേ പേരടക്കമാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഐസിസ് ഭീകരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.