സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

സൗദി സര്ക്കാര് ചാനലായ അല്-അറേബ്യ ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
 | 
സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. 5 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ഞായറാഴ്ച്ച രാത്രിയാണ് ആക്രമണമുണ്ടായത്.

ഒരു മാസം മുമ്പ് ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. സൗദിയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശമായ അസീര്‍ ലക്ഷ്യമാക്കി അഞ്ച് ഡ്രോണുകള്‍ ആക്രമണം നടത്തിയതായി അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി  ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ല. അഞ്ച് ഡ്രോണുകളെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ സൗദി വ്യോമസേനയ്ക്ക് കഴിഞ്ഞതായി തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

സമീപകാലത്ത് സൗദി ലക്ഷ്യമാക്കി നിരവധി ഡ്രോണുകളാണ് ഹൂതികള്‍ അയച്ചത്. വ്യോമസേന എന്തിനും സജ്ജമാണെന്നും ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും സഖ്യസേനാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര നേതാക്കളുടെ മധ്യസ്ഥതതയില്‍ ഹൂതി-സൗദി സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ സൗദി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഹൂതി തള്ളിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.