ഏജന്റ് സ്മിത്ത്; സ്മാര്‍ട്ട് ഫോണുകളെ ആക്രമിച്ച് പുതിയ മാല്‍വെയര്‍; ഇന്ത്യയില്‍ ഒന്നരക്കോടി ഫോണുകള്‍ ആക്രമിക്കപ്പെട്ടു
ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ മാല്വെയര് ഭീഷണി. ഏജന്റ് സ്മിത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകമൊട്ടാകെ 2.5 കോടി ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ 1.5 കോടിയും ഇന്ത്യയിലാണെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് അറിയിക്കുന്നു. ഗൂഗിള്‍ ആപ്ലിക്കേഷന്‍ എന്ന വ്യാജേന ഫോണുകളില്‍ കയറിക്കൂടി മറ്റ് ആപ്പുകള്‍ക്ക് പകരം വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ ഉപയോക്താവ് അറിയാതെ ഇന്‍സ്‌റ്റോള്‍ ചെയ്യുകയാണ് ഈ മാല്‍വെയര്‍ ചെയ്യുന്നത്.
വ്യാജ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്പ് ആയിട്ടാണ് ഏജന്റ് സ്മിത്ത് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ മാല്‍വെയര്‍ എന്തൊക്കെ ദോഷമാണ് വരുത്തുന്നത് എന്നത് വ്യക്തമല്ലെന്നും സൈബര്‍ ത്രെട്ട് ഇന്റലിജന്‍സ് സ്ഥാപനമായ ചെക്ക് പോയിന്റ് റിസര്‍ച്ച് പറയുന്നു. 9ആപ്‌സ് എന്ന തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറില്‍ നിന്നാണ് ഏജന്റ് സ്മിത്തിന്റെ ഉദ്ഭവം. അറബിക്, ഹിന്ദി, ഇന്തോനേഷ്യന്‍, റഷ്യന്‍ ഭാഷകളിലുള്ളവരെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇന്ത്യയിലാണ് ഏജന്റ് സ്മിത്ത് ബാധിക്കപ്പെട്ട ഫോണുകള്‍ ഉള്ളതെങ്കിലും പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, യുകെ, അമേരിക്ക എന്നിവിടങ്ങളിലും മാല്‍വെയര്‍ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.