ഇന്തോന്യേഷ്യയില്‍ സുനാമിയില്‍പ്പെട്ട് 168 പേര്‍ മരിച്ചു; 600ലേറെ പേര്‍ക്ക് പരിക്ക്
ജക്കാര്‍ത്ത: ഇന്തോന്യേഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില് 168 പേര് മരിച്ചു. 600ലേറെപ്പേര്ക്ക് പരിക്കേറ്റതായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ആശുപത്രികള് തിങ്ങിനിറഞ്ഞിരിക്കുകയാണ്. കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടും സര്ക്കാര് കൃത്യമായ മുന്കരുതല് എടുക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്ദ്ധിപ്പിച്ചു. ക്രാക്കത്തോവ അഗ്നിപര്വത സ്ഫോടനമാണ് സുനാമിക്ക് കാരണമായത്. 50ലേറെ പേരെ കാണാതായതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.
ക്രാക്കത്തോവ അഗ്‌നിപര്‍വത സ്ഫോടനം നടന്നതിന് പിന്നാലെ കടലിനടിയിലും ഭൂചനലമുണ്ടായി. ഡിസംബര്‍ മാസത്തില്‍ സാധാരണയായി ഭീമന്‍ തിരമാലകള്‍ ഇന്തോന്യേഷന്‍ തീരങ്ങളെ അപകടത്തിലാക്കാറുണ്ട്. ഈ സമയത്തുണ്ടായ സുനാമി കനത്ത നാശം വിതച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയതായിട്ടും ഇന്തോന്യേഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ മാസത്തില്‍ സാധാരണയായി ഉണ്ടാകുന്ന തിരമാലയാണിതെന്നാണ് ആദ്യം ദുരന്തനിവാരണ സേന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കടലിനടിയിലെ ഭൂചലനം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ദുരന്തനിവാരണ സേന വ്യക്തമാക്കി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയും അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അല്‍പ്പ സമയത്തിനകം ലഭ്യമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.