ബ്രസീല്‍ പ്രസിഡന്റിന്റെ വിമാനത്തില്‍ നിന്ന് 39 കിലോ കൊക്കെയിന്‍ കണ്ടെത്തി; വ്യോമസേനാംഗം പിടിയില്‍

ബ്രസീല് പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തില് മയക്കുമരുന്ന് കടത്താന് ശ്രമിച്ച വ്യോമസേനാംഗം പിടിയില്.
 | 
ബ്രസീല്‍ പ്രസിഡന്റിന്റെ വിമാനത്തില്‍ നിന്ന് 39 കിലോ കൊക്കെയിന്‍ കണ്ടെത്തി; വ്യോമസേനാംഗം പിടിയില്‍

ബ്രസീലിയ: ജപ്പാനില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീല്‍ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വ്യോമസേനാംഗം പിടിയില്‍. സ്‌പെയിനിലെ സെവിലില്‍ വെച്ചാണ് ബ്രസീലിയന്‍ വ്യോമസേനാംഗം പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 39 കിലോ കൊക്കെയിന്‍ പിടിച്ചെടുത്തു. മൂന്നു ബാഗുകളിലായാണ് വിമാനത്തില്‍ ഇയാള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.

വ്യോമസേനാംഗം കൊക്കെയിനുമായി പിടിയിലായിട്ടുണ്ടെന്ന് ബ്രസീല്‍ വ്യോമസേന സ്ഥിരീകരിച്ചു. സംഭവത്തില്‍ രാജ്യത്തെ മിലിട്ടറി പോലീസ് അന്വേഷണം നടത്തുമെന്നും എയര്‍ഫോഴ്‌സ് വക്താവ് പറഞ്ഞു. ടോക്യോയിലേക്കുള്ള യാത്രാമധ്യേ സ്‌പെയിനില്‍ ഇറങ്ങിയപ്പോഴാണ് മയക്കുമരുന്ന് പിടിച്ചതെന്ന് സ്പാനിഷ് പോലീസ് വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പ്രസിഡന്റിന് അകമ്പടിയായി അയച്ചിരുന്നതാണ് ഇയാളെയെന്നും ബ്രസീല്‍ സ്ഥിരീകരിക്കുന്നു. സ്‌പെയിനില്‍ ഇറങ്ങാനും പിന്നീട് പ്രസിഡന്റ് തിരികെ വരുമ്പോള്‍ സ്‌പെയിനില്‍ നിന്ന് കയറാനുമായിരുന്നു ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്ന് ബ്രസീല്‍ വൈസ് പ്രസിഡന്റ് ഹാമില്‍ട്ടന്‍ മൗറാവോ പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയ മയക്കുമരുന്നിന്റെ അളവു നോക്കിയാല്‍ ഇയാള്‍ വാഹകനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നതെന്ന് മൗറാവോ വ്യക്തമാക്കി.