താലിബാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; 41 അഫ്ഗാന് സൈനികരെ കൊലപ്പെടുത്തി
ബദ്ഗിഷ്: 41 അഫ്ഗാന് സൈനികരെ താലിബാന് കൊലപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് സെക്യൂരിറ്റി പോസ്റ്റുകള്‍ക്ക് നേരെ താലിബാന് നടത്തിയ ആക്രമണത്തിലാണ് 41 പട്ടാളക്കാര്‍ക്ക് ജീവന് നഷ്ടമായിരിക്കുന്നത്. സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ 16 തീവ്രവാദികളും കൊല്ലപ്പെട്ടു. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് താലിബാന് ആക്രമണം അഴിച്ചുവിട്ടത്.
ബദ്ഗിഷിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ സൈനിക പോസ്റ്റുകള്‍ വളഞ്ഞ 50 ലധികം തീവ്രവാദികള്‍ സൈനിക ക്യാമ്പിന് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ മുന്‍നിര്‍ത്തി സൈനിക ആസ്ഥാനം ആക്രമിക്കുകയായിരുന്നു താലിബാന് ലക്ഷ്യവെച്ചിരുന്നതെന്ന് പ്രവിശ്യ കൗണ്‍സില്‍ തലവന്‍ അബ്ദുള്‍ അസീസ് ബെക്ക് പറഞ്ഞു.
മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ സൈനിക പോസ്റ്റുകള്‍ താലിബാന് പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. 41ലേറെ സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പ്രവിശ്യയുടെ പല ഭാഗങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ 15 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം.