അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബത്തിലെ ആറു വയസുകാരി മരുഭൂമിയില്‍ മരിച്ചു

മെക്സിക്കോയില് നിന്ന് അമേരിക്കയിലേക്ക് കടക്കാന് ശ്രമിച്ച സംഘത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിയായ പെണ്കുട്ടി മരിച്ചു.
 | 
അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബത്തിലെ ആറു വയസുകാരി മരുഭൂമിയില്‍ മരിച്ചു

വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിയായ പെണ്‍കുട്ടി മരിച്ചു. മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയിലെ അരിസോണ മരുഭൂമിയില്‍ ചൂടു താങ്ങാനാവാതെയാണ് ആറു വയസുള്ള ഗുര്‍പ്രീത് കൗര്‍ എന്ന കുട്ടി മരിച്ചത്. അമേരിക്കയുടെ ബോര്‍ഡര്‍ പട്രോള്‍ സംഘമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അരിസോണ മരുഭൂമിയുടെ തെക്കന്‍ പ്രദേശങ്ങളില്‍ ഈ വര്‍ഷം മരിച്ച രണ്ടാമത്തെ അഭയാര്‍ത്ഥി കുട്ടിയാണ് ഗുര്‍പ്രീത്. മനുഷ്യക്കടത്തു സംഘങ്ങള്‍ അമേരിക്കയിലേക്ക് കടത്തിവിട്ട അഞ്ചംഗ ഇന്ത്യന്‍ സംഘത്തിലെ അംഗമായിരുന്നു ഈ കുട്ടി. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ അതിര്‍ത്തി നഗരമായ ലൂക്ക് വില്ലിലേക്ക് നടക്കാന്‍ ആരംഭിച്ചത്. കുറച്ചു ദൂരം നടന്നപ്പോള്‍ കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും വെള്ളം അന്വേഷിച്ചു പോയി. മറ്റൊരു സ്ത്രീക്കും കുട്ടിക്കുമൊപ്പം മകളെ ഏല്‍പ്പിച്ചിട്ടാണ് ഇവര്‍ പോയത്.

വഴി തെറ്റിയ ഇവരെ അടുത്ത ദിവസം രാവിലെയാണ് പട്രോള്‍ സംഘം കണ്ടെത്തിയത്. ഇവര്‍ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ അതിര്‍ത്തിക്ക് 1.6 കിലോമീറ്റര്‍ അടുത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 42 ഡിഗ്രി വരെയാണ് ഇവിടെ ചൂട് ഉയരുന്നത്. കനത്ത ചൂടാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് വിവരം. മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.