‘ഒറ്റയ്ക്ക് മരിക്കാന്‍ വയ്യ; എന്നെ ആരെങ്കിലും ദത്തെടുക്കൂ’ അപേക്ഷയുമായി 85കാരന്‍
ഹാന് ഷിചെങ് എന്ന 85കാരന്റെ അഭ്യര്ത്ഥന കേട്ടാല് ആദ്യമൊന്ന് അമ്പരക്കും. പക്ഷേ പിന്നീടത് സഹതാപവും ഇഷ്ടവുമായി പരിണമിക്കുകയും ചെയ്യും. ഷിചെങിന്റെ ഭാര്യ അദ്ദേഹത്തെ വിട്ടുപോയിട്ട് ഏറെ നാളുകളായി. ഒറ്റയ്ക്കാണ് താമസം. എന്നാല് ഇനിയുള്ള കാലം ഒറ്റയ്ക്ക് താമസിക്കാനില്ലെന്നും ആരെങ്കിലും തന്നെ ദത്തെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷിചെങ്.
85 വയസായിട്ടുണ്ടെങ്കിലും ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളും ഇയാളെ അലട്ടുന്നില്ല. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളില്ലെന്ന് മാത്രമല്ല സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനും ഷോപ്പിംഗിന് പോകാനും ഇതര ജോലികള്‍ക്കും ഇദ്ദേഹം ആരുടെയും സഹായം ആവശ്യപ്പെടാറുമില്ല. തനിക്ക് ഒറ്റയ്ക്ക് മരിക്കാന്‍ കഴിയില്ലെന്നും കൂട്ടിന് ആളുവേണമെന്നും അതിനായിട്ടാണ് തന്നെ ദത്തെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഷിചെങ് പറയുന്നു.
ചൈനയിലെ ജപ്പാന്‍ അധിനിവേശവും ആഭ്യന്തരയുദ്ധവും സാസ്‌കാരിക വിപ്ലവുമെല്ലാം കണ്ടയാളാണ് ഷിചെങ്. ചൈനയിലെ ചരിത്ര പ്രധാനമായ കാലഘട്ടത്തിലൂടെ കടന്നുപോയ ചുരുക്കം ചില ആളുകളിലൊരാള്‍. ഒരു സയന്‍സ് റിസര്‍ച്ച് സ്ഥാപനത്തില്‍ നിന്നും വിരമിച്ച ഷിചെങിന് ജീവിത ചെലവുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. സ്വന്തമായി വീടുണ്ട്. ദിവസച്ചെലവിനായി മാസം ലഭിക്കുന്ന പെന്‍ഷന്‍ തന്നെ ധാരാളം. യാതൊരുവിധ ദുശീലങ്ങളും ഇല്ലതാനും.
മാസം ഏതാണ്ട് 950 അമേരിക്കന്‍ ഡോളറാണ് ഇയാളുടെ മാസ വരുമാനം. ചൈനയില്‍ ഒരാള്‍ക്ക് ജിവിക്കാന്‍ ഇത് ധാരാളം മതി. നഴ്‌സിംഗ് ഹോമുകളിലേക്ക് പോകാന്‍ എനിക്ക് താല്‍പ്പര്യമില്ല. എന്നെ ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ള, ഹൃദയ വിശാലതയുള്ള ഏതെങ്കിലും കുടുംബം മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷിചെങ് വ്യക്തമാക്കുന്നു. ദത്തെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിക്കുന്നതായി കാണിച്ച് ഇയാള്‍ തെരുവില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദത്തെടുക്കാന്‍ ആരെങ്കിലും തയ്യാറാവുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഷിചെങിപ്പോള്‍.