നിരപരാധിയായ 93കാരിയെ മാഞ്ചസ്റ്റര്‍ പോലീസ് അറസ്റ്റു ചെയ്തു; കാരണം വിചിത്രം
മാഞ്ചസ്റ്റര്‍: 93 കാരിയായ ജോസി ബേര്ഡ്സ് എന്ന മുത്തശ്ശിയെ യുകെയിലെ ഏറ്റവും വലിയ പോലീസ് സേനകളിലൊന്നായ ഗ്രേറ്റ് മാഞ്ചസ്റ്റര് പോലീസ് അറസ്റ്റ് ചെയ്തു. ഇത്രയും പ്രായമുള്ളവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതിനു തക്കതായ കുറ്റകൃത്യങ്ങള്‍ അവര്‍ ചെയ്തിരക്കണം. എന്നാല്‍ ജോസി ബേര്‍ഡ്‌സ് ആണെങ്കില്‍ ഒരു കുറ്റവും ചെയ്തിട്ടുമില്ല. പിന്നെയെന്തിനാണ് അറസ്റ്റ് എന്നു ചോദിച്ചാല്‍ മുത്തശ്ശിയുടെ അന്തിമാഭിലാഷമായിരുന്നത്രേ ഇത്.
ഇനിയുള്ള കാലം ഓര്‍മിക്കാന്‍ എന്തെങ്കിലും കാര്യമായി വേണമെന്ന ചിന്തയാണത്രേ മുത്തശ്ശിയുടെ ഈ ആഗ്രഹത്തിനു പിന്നില്‍. ഒരു ദിവസം അറസ്റ്റിലാകണമെന്നും ആ അനുഭവങ്ങള്‍ എന്താണെന്ന് അറിയണമെന്നുമായിരുന്നു ഇവരുടെ ആഗ്രഹം. എന്തായാലും അതു സാധിച്ചു കൊടുക്കാന്‍ ജോസി ബേര്‍ഡ്‌സിന്റെ പേരക്കുട്ടിയായ പാം സ്മിത്ത് മുന്നിട്ടിറങ്ങുകയായിരുന്നു. ഈ വിചിത്രമായ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പോലീസും സമ്മതം മൂളിയതോടെയാണ് മുത്തശ്ശി അറസ്റ്റിലായത്.
മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞുവെന്നും അവര്‍ക്ക് അത് മറക്കാനാകാത്ത ഒരു ദിവസമായിരിക്കുമെന്നും സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ ഡിവിഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഡെനീസ് പൈര്‍ പറഞ്ഞു. മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചതിന് പോലീസിന് നന്ദി പറയുന്നതായി പാം സ്മിത്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു.