പ്രൈമറി സ്‌കൂളില്‍ വെച്ച് അപമാനിച്ച അധ്യാപികയെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം കുത്തിക്കൊന്നു; യുവാവ് പിടിയില്‍

 | 
Gunter Uwents

പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അപമാനിച്ച അധ്യാപികയെ 30 വര്‍ഷത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബെല്‍ജിയത്തിലാണ് 37 കാരനായ ഗുന്തര്‍ യുവെന്റ്‌സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 59കാരിയായ മരിയ വെര്‍ലിന്‍ഡന്‍ എന്ന അധ്യാപികയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 2020ല്‍ മരിയയുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. പ്രതിയെ 16 മാസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനായി നൂറുകണക്കിനാളുകളുടെ ഡിഎന്‍എ സാംപിളുകള്‍ പോലീസ് ശേഖരിച്ചിരുന്നു. 

തനിക്ക് 7 വയസുള്ളപ്പോള്‍ തന്റെ അധ്യാപികയായിരുന്ന മരിയ വെര്‍ലിന്‍ഡ അപമാനിച്ചുവെന്നും അതിന് പകരം വീട്ടാനാണ് കൊല നടത്തിയതെന്നുമാണ് ഗുന്തര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അവരുടെ ക്രൂരമായ വാക്കുകള്‍ തന്നെ ഏറെ വേദനിപ്പിച്ചു. ഇത്രയും ക്രൂരമായി ആരും തന്നോട് പെരുമാറിയിട്ടില്ലെന്നും ഗുന്തര്‍ പറഞ്ഞു. വെര്‍ലിന്‍ഡയ്ക്ക് 101 കുത്തുകളേറ്റിരുന്നു. മൃതദേഹത്തിന് സമീപം ഡൈനിംഗ് ടേബിളില്‍ അധ്യാപികയുടെ പണമടങ്ങിയ പേഴ്‌സ് കണ്ടെത്തിയിരുന്നു. ഇതോടെ മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമല്ല നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. 

സംഭവത്തെക്കുറിച്ച് ഗുന്തര്‍ തന്റെ ഒരു സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ വഴിത്തിരിവായത്. സുഹൃത്ത് പോലീസിനെ അറിയിക്കുകയും പ്രതിയെ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ മൊഴി സത്യമാണോ എന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്രിസ്തുമത വിശ്വാസിയായ ഗുന്തര്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് സഹായം നല്‍കുന്നതിലൂടെ പ്രസിദ്ധനാണെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.